2010, സെപ്റ്റംബർ 30, വ്യാഴാഴ്‌ച

ചില ജാതിവാദികളുടെ നിലവിളികള്‍ !!!!!

നായര്‍സമുദായത്തിന്റെ ‘ദയനീയസ്ഥിതി’ നേരില്‍ക്കണ്ടു മനസ്സിലാക്കാനും അവരെ ആശ്വസിപ്പിക്കാനുമായി കോണ്‍ഗ്രസ് പ്രതിനിധിയും കേന്ദ്രമന്ത്രിയുമായ വിലാസ് റാവു ദേശ്മുഖ് പെരുന്നയിലെ എന്‍.എസ്.എസ് ആസ്ഥാനത്ത് എത്തി. രാഷ്ട്രീയനേതാക്കള്‍ പെരുന്ന സന്ദര്‍ശിക്കുന്നതിന്റെ രഹസ്യമെന്താണ്? 85 ശതമാനം പിന്നാക്ക-ദലിത് വിഭാഗങ്ങളും 15 ശതമാനം മുന്നാക്കസമുദായങ്ങളുമുള്ള ഇന്ത്യയിലെ ഒരു സമുദായത്തോടു മാത്രം കോണ്‍ഗ്രസ് രാഷ്ട്രീയത്തിനുള്ള ഈ ആഭിമുഖ്യം ഒരു ജനാധിപത്യരാജ്യത്തിനും സംസ്കാരത്തിനും നിരക്കുന്നതാണോ?
1891 ഫെബ്രുവരി 19ന്റെ മദ്രാസ് മെയില്‍ പത്രത്തില്‍ ‘ഒരു തീയ്യന്‍’ എന്ന പേരുവച്ച് ഡോ. പല്‍പ്പു ഒരു കത്തെഴുതിയിരുന്നു. ആ കത്തിന്റെ തലക്കെട്ട് ഇപ്രകാരമായിരുന്നു: ‘ഈഴവരെന്ന ഒരു ജാതിയുണ്ട്; സര്‍!’ മൈസൂര്‍ ഗവണ്‍മെന്റ് സര്‍വീസിലിരുന്നതുകൊണ്ടാണ് അദ്ദേഹം ‘ഒരു തീയ്യന്‍’ എന്ന അജ്ഞാതനാമത്തില്‍ പ്രതികരിച്ചത്. തിരുവിതാംകൂറില്‍ ഈഴവരെന്നൊരു കൂട്ടരേയില്ലെന്ന് ഒരു തിരുവിതാംകൂര്‍ ‘ഹിന്ദു’ എഴുതിയ ലേഖനത്തിനുള്ള മറുപടിയായിരുന്നു ആ കത്ത് (പി കെ ബാലകൃഷ്ണന്റെ നാരായണഗുരു സമാഹാരഗ്രന്ഥത്തില്‍ ഈ കത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.) കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനത്തെപ്പറ്റിയുള്ള റിപോര്‍ട്ട് കണ്ടപ്പോള്‍ ഈ ചരിത്രമുഹൂര്‍ത്തമാണ് ഓര്‍മവന്നത്. മന്ത്രി ദേശ്മുഖിനോടും കോണ്‍ഗ്രസ് നേതൃത്വത്തോടും ഞങ്ങള്‍ക്കു പറയാനുള്ളതും അന്നു പല്‍പ്പു പറഞ്ഞതുതന്നെയാണ്. പല്‍പ്പു അന്ന് ഈഴവരെ സംബന്ധിച്ച കാര്യത്തില്‍ ഒറ്റയ്ക്കു പ്രതികരിച്ചുവെങ്കില്‍ ഇന്നു പിന്നാക്ക-ദലിത് സമൂഹത്തിന്റെ പ്രതിനിധികളായി ഞങ്ങള്‍ പ്രതികരിക്കുന്നു. അതുകൊണ്ടാണ് ‘ഞങ്ങള്‍ക്കും ഒരു ജാതിയുണ്ട്; സര്‍!’ എന്നു വിലാസ് റാവു ദേശ്മുഖിനോടും കോണ്‍ഗ്രസ് നേതാക്കളോടും പറയേണ്ടിവന്നത്. ‘ഞങ്ങള്‍ക്കും ഒരു ജാതിയുണ്ട്; മാഡം’ എന്നു കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയോടും പറയേണ്ടിയിരിക്കുന്നു. മുന്നാക്കവിഭാഗങ്ങള്‍ക്കു സാമൂഹിക അവശതയില്ലെന്നും സാമ്പത്തിക പരാധീനതയാണുള്ളതെന്നും എന്‍.എസ്.എസ് സമ്മതിക്കുന്നു. എന്നാല്‍, പിന്നാക്ക-ദലിത് വിഭാഗങ്ങള്‍ക്ക് ഇത് രണ്ടുമുണ്െടന്നതാണു യാഥാര്‍ഥ്യം.
സ്വാതന്ത്യ്രാനന്തരം കോണ്‍ഗ്രസ് രാജ്യഭരണം തുടങ്ങിയിട്ട് 63 വര്‍ഷമാവുന്നു. ഇക്കാലത്തെ ഭരണംകൊണ്ട് മുന്നാക്കവിഭാഗങ്ങള്‍ക്ക് അവശതയുണ്ടായെങ്കില്‍ അക്കാര്യം അന്വേഷിക്കുന്നതു നല്ലതാണ്. മുന്നാക്കവിഭാഗങ്ങള്‍ക്ക്, പ്രത്യേകിച്ച് എന്‍.എസ്.എസ് പ്രതിനിധീകരിക്കുന്നവര്‍ക്ക്, അവശതയും പരാധീനതയുമുണ്െടങ്കില്‍ പിന്നാക്ക-ദലിത് വിഭാഗങ്ങളുടെ അവശതയും മറ്റും എന്തായിരിക്കുമെന്ന് ദേശ്മുഖും മറ്റു നേതാക്കളും ചിന്തിക്കുന്നതു നന്നായിരിക്കും. നിയമസഭയിലും പാര്‍ലമെന്റിലും ജുഡീഷ്യറി ഉള്‍പ്പെടെയുള്ള അധികാരകേന്ദ്രങ്ങളിലും ജനസംഖ്യയേക്കാള്‍ വളരെ കൂടുതല്‍ പ്രാതിനിധ്യം ഇപ്പോള്‍ എന്‍.എസ്.എസിനുണ്ട്. മാത്രമല്ല, പിന്നാക്ക-ദലിത് വിഭാഗങ്ങളുടെ അവശതയ്ക്കു കാരണം നൂറ്റാണ്ടുകളായി മുന്നാക്കവിഭാഗങ്ങള്‍ നയിച്ച വ്യവസ്ഥിതിയുമാണ്. മുന്നാക്കസമുദായത്തില്‍പ്പെട്ടവരില്‍ സാമ്പത്തിക പരാധീനതയുള്ളവര്‍ ഉണ്െടന്ന കാര്യം ദേശീയ യാഥാര്‍ഥ്യമാണ്. ഇതുസംബന്ധിച്ച കേന്ദ്ര കമ്മീഷന്‍ സമര്‍പ്പിച്ച ശുപാര്‍ശകള്‍ യു.പി.എ നേതൃത്വം ചര്‍ച്ചചെയ്തുവരുകയാണെന്നു കേന്ദ്രമന്ത്രി അറിയിച്ചുവെന്നും പത്രങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ടല്ലോ. സാമ്പത്തിക പരാധീനത കേരളത്തിലെയോ ഇന്ത്യയിലെയോ മുന്നാക്കവിഭാഗങ്ങളുടെ മാത്രം പ്രതിഭാസമല്ല, മനുഷ്യസമൂഹത്തിലാകെയുള്ള പ്രതിഭാസമാണ്. 15 ശതമാനം വരുന്ന മുന്നാക്കക്കാരില്‍ സാമ്പത്തിക പരാധീനതയുള്ളവരുണ്െടങ്കില്‍ അതുപോലെ തന്നെ 85 ശതമാനം വരുന്ന പിന്നാക്കവിഭാഗങ്ങളിലും സാമ്പത്തിക പരാധീനതയുള്ളവരുണ്ട്. ഇതു ദേശീയ യാഥാര്‍ഥ്യമാവാത്തത് എന്തുകൊണ്ട്? സാമ്പത്തിക പരാധീനതയ്ക്കു മുന്നാക്ക-പിന്നാക്ക വ്യത്യാസം കാണുന്നത് അസംബന്ധവും അനീതിയും അശാസ്ത്രീയവുമാണ്. സവര്‍ണവിഭാഗങ്ങളുടെ സ്വാഭാവിക അവശതകള്‍ ദേശീയ യാഥാര്‍ഥ്യമാവുമ്പോള്‍ പിന്നാക്കവിഭാഗങ്ങളുടെ അവശതകള്‍ കേവലം പ്രാദേശിക യാഥാര്‍ഥ്യംപോലുമാവാത്തത് എന്തുകൊണ്ട്? ചരിത്രയാഥാര്‍ഥ്യങ്ങളെ നിഷേധിച്ചുകൊണ്ട് ഉപരിവര്‍ഗതാല്‍പ്പര്യ സംരക്ഷണത്തിനുള്ള ഇത്തരം കുതന്ത്രങ്ങള്‍ കോണ്‍ഗ്രസ്സിനു മാത്രമല്ല, ഏതൊരു രാഷ്ട്രീയകക്ഷിക്കും ഭൂഷണമല്ല.
അട്ടിമറിക്കപ്പെട്ട മണ്ഡല്‍ റിപോര്‍ട്ടും സച്ചാര്‍ റിപോര്‍ട്ടും നരേന്ദ്രന്‍ റിപോര്‍ട്ടും മറ്റും പുറത്തുകൊണ്ടുവന്ന ദേശീയ യാഥാര്‍ഥ്യങ്ങള്‍ക്കു നേരെ കണ്ണടയ്ക്കുകയും ഈ യാഥാര്‍ഥ്യങ്ങള്‍ക്കു കാരണക്കാരായ ഉപരിവര്‍ഗങ്ങളുടെ അവശതകള്‍ പരിഗണിക്കപ്പെടുകയും ചെയ്യുന്നത് അപകടകരമായ സൂചനയാണു നല്‍കുന്നത്. ദലിതുകള്‍, ആദിവാസികള്‍, മറ്റു പിന്നാക്കക്കാര്‍ എന്നിവര്‍ അനേകം സംസ്ഥാനങ്ങളില്‍ തീവ്രവാദപരമായി സ്വയംഭരണമേഖലകള്‍ ഉണ്ടാക്കിയിരിക്കുന്നുവെന്ന് തുറന്നുസമ്മതിക്കുന്ന ഭരണാധികാരികള്‍ ഇത്തരം രാഷ്ട്രീയനാടകങ്ങളിലൂടെ രാജ്യത്തെ എങ്ങോട്ടാണു നയിക്കുന്നത് എന്ന് ഒരുനിമിഷം ചിന്തിക്കുന്നതു നല്ലതാണ്. അല്ലെങ്കില്‍ ‘ഹന്ത നിര്‍ഭാഗ്യം ജനാനാം’ എന്ന ചൊല്ലില്‍ മാത്രം കാര്യങ്ങള്‍ നില്‍ക്കില്ല. ഭരണവര്‍ഗത്തിന്റെ കാലിനടിയിലും അസ്വസ്ഥതയുടെ കോലാഹലങ്ങള്‍ മുഴങ്ങുമെന്ന കുമാരനാശാന്റെ സന്ദേശം ഒന്നു പഠിച്ചുനോക്കുന്നതും നന്നായിരിക്കും. ഞങ്ങള്‍ക്കും ഒരു ജാതിയുണ്ട്, സര്‍!
പി ടി പ്രസന്നകുമാര്‍ (എസ്.സി),
പുനലൂര്‍ സലീം,
ബേബി ഐസക് (ദലിത് ക്രിസ്ത്യന്‍ സാഹോദര്യ സമിതി),
അഡ്വ. വിജയന്‍ ശേഖര്‍ (ഡോ. പല്‍പ്പു ഫൌണ്േടഷന്‍),
പ്രഫ. രാജു തോമസ്,
അഡ്വ. പി ആര്‍ സുരേഷ് (എഴുത്തച്ഛന്‍ സമാജം),
പുലിക്കുഴി ബാലചന്ദ്രന്‍ (എസ്.സി),
പി കെ വിജയദാസ് (ധീവര സമുദായം),
അഡ്വ. എസ് പ്രഹ്ളാദന്‍ (എസ്.എന്‍.ഡി.പി കുന്നത്തൂര്‍),
ഡോ. എം എസ് ജയപ്രകാശ്,
ഡോ. പി കെ സുകുമാരന്‍ (എസ്.എന്‍.ഡി.പി യോഗം, തൃശൂര്‍)
ഇതും തീവ്രവാദികളുടെ പത്രത്തിലാണു വന്നത്.
('ഞങ്ങള്‍ക്കും ജാതിയുണ്ട്, സര്‍ എന്ന പേരില്‍ സത്യാന്വേഷി പ്രസിദ്ധീകരിച്ച ലേഖനം')
കമന്റുകള്‍ ഇവിടെ പോസ്റ്റു ചെയ്യുക